06:06pm 26 June 2026
NEWS
ബഹുഭാര്യത്വം ഉൾപ്പെടെ പാകിസ്ഥാനിലെ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണം; എൻസിപി വനിതാ നേതാവിന്റെ പരാമർശം വിവാദത്തിൽ
26/06/2026  12:51 PM IST
nila
ബഹുഭാര്യത്വം ഉൾപ്പെടെ പാകിസ്ഥാനിലെ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണം; എൻസിപി വനിതാ നേതാവിന്റെ പരാമർശം വിവാദത്തിൽ

മുംബൈ: ഏകീകൃത സിവിൽ കോഡ്, മുസ്ലിം വ്യക്തിനിയമം, ബഹുഭാര്യത്വം എന്നിവയെ ചൊല്ലി മഹാരാഷ്ട്ര നിയമസഭയിൽ ശക്തമായ രാഷ്ട്രീയ വാക്‌പോര്. വിഷയത്തിൽ എൻസിപി എംഎൽഎ സനാ മാലിക് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ബിജെപിയും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെ വിവിധ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദമാണ് അരങ്ങേറിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഖുർആനിലെ തത്വങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങളെ പരാമർശിച്ചുകൊണ്ട് ഇന്ത്യയിലും അതേ നിയമപരമായ സമീപനം വേണമെന്നും സനാ മാലിക് സഭയിൽ അഭിപ്രായപ്പെട്ടു.

മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഖുർആനിൽ പറയുന്ന കാര്യങ്ങൾ പാകിസ്താനിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും സന മാലിക് പറഞ്ഞു. പാകിസ്ഥാനിലെ അതേ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നുവെന്നും സന വ്യക്തമാക്കി. ഇതിന് പിന്നാലെ ബിജെപി മന്ത്രി നിതേഷ് റാണെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സനാ മാലിക് ഇന്ത്യയുടെ നിയമസഭയിലാണ് ഇരിക്കുന്നത്, പാകിസ്താൻ പാർലമെന്റിലല്ലെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദം ശക്തമായതോടെ സനാ മാലിക് പിന്നീട് വിശദീകരണം നൽകി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഇന്ത്യൻ മുസ്ലിംകൾക്ക് മാതൃകയായി പാകിസ്താനെ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഭരണഘടന ഓരോ പൗരനും സ്വന്തം മതം ആചരിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നും അവർ പറഞ്ഞു. പാകിസ്താൻ പുതിയ നിയമം കൊണ്ടുവന്നതല്ല, ഇസ്ലാമിക തത്വങ്ങൾ പിന്തുടരുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സനാ മാലിക് വിശദീകരിച്ചു.

ഇന്ത്യൻ മുസ്ലിംകൾക്ക് മാർഗനിർദേശം നൽകേണ്ടത് പാകിസ്താനല്ല, ഖുർആനാണെന്നും പാകിസ്താനും ഇസ്ലാമിക പഠനങ്ങളെയാണ് പിന്തുടരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. "ഞങ്ങൾ മുസ്ലിംകളാണ്, അതേസമയം ഇന്ത്യക്കാരുമാണ്. പാകിസ്താനുമായി ആശയപരമായ യാതൊരു ബന്ധവുമില്ല," എന്നും സനാ മാലിക് വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച നിയമസഭയിൽ സംസാരിച്ച നാസിക് എംഎൽഎ ദേവയാനി ഫറാണ്ഡെ, മുസ്ലിം സ്ത്രീകൾക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കാൻ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് വിഷയത്തിൽ നിയമസഭയിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img